എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിൽ പൊലീസ് സംരക്ഷണം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ഹൈക്കോടതി സർക്കാരിന് വെള്ളിയാഴ്‌ച വരെ സമയം നൽകി. ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികളിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് അനു ശിവരാമന്‍റെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
എന്ത് സാഹചര്യത്തിലാണെങ്കിലും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതി എടുത്തിട്ടുള്ള നിലപാട്. റോഡ് ഉപരോധത്തിന്‍റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിംഗിൾ ബെഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാൽ മരണം വരെ സംഭവിക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ, സെപ്റ്റംബർ ഒന്നിനാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിർദേശം.