എറണാകുളം: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും വിജിലൻസ് പ്രതി ചേർത്തു. കേസിലെ പത്താം പ്രതിയാണ് ഹനീഷ്. പാലം നിർമാണ വേളയിൽ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡി.ആയിരുന്നു മുഹമ്മദ് ഹനീഷ്.
അനധികൃതമായി വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നുവെന്ന കുറ്റമാണ് ഹനീഷിനെതിരെ ചുമത്തിയത്. എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ തുകയിൽ കരാർ ഏറ്റെടുക്കുന്നവർ സുരക്ഷാ നിക്ഷേപം നൽകണമെന്നാണ് നിയമം. എന്നാൽ പാലാരിവട്ടം പാലം നിർമിച്ച കരാർ കമ്പനിയിൽ നിന്നും സുരക്ഷാ നിക്ഷേപം സ്വീകരിക്കുന്നതിൽ ആർ.ബി.ഡി.സിയുടെ ചുമതലയുണ്ടായിരുന്ന ഹനീഷ് വീഴ്‌ച വരുത്തിയെന്നും വിജിലൻസ് വാദിക്കുന്നു.
പാലാരിവട്ടം പാലം നിർമാണ കരാർ നൽകുന്നതിന് മുമ്പ് മുൻകൂർ വായ്‌പ നൽകില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് പല കമ്പനികളും നിർമാണ കരാർ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ഇതിനു വിപരീതമായി ആർ ഡി എസ് കമ്പനിക്ക് മുൻകൂർ വായ്‌പയായി 8.5 കോടി അനുവദിക്കാമെന്ന് മുഹമ്മദ് ഹനീഷ് കുറിപ്പ് എഴുതിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തത്. നേരത്തെ ഹനീഷിനെ വിജിലൻസ് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. അതേസമയം പാലാരിവട്ടം പാലം കേസിൽ കൂടുതൽ അറസ്റ്റിലേയ്ക്ക് വിജിലൻസ് കടന്നേക്കും. പാലം രൂപകൽപന ചെയ്‌ത ബെംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസി എന്ന സ്ഥാപന ഉടമ നാഗേഷിനെ വിജിലൻസ് ചോദ്യം ചെയ്‌തിരുന്നു. ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിന് പിന്നാലെയാണ് വിജിലൻസ് നടപടികൾ ഊർജിതമാക്കിയത്.