എറണാകുളം: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്‍റെ ഇടക്കാല ജാമ്യം തുടരും. ജൂണ്‍ ഏഴാം തിയതി വരെ പ്രതിയെ അറ്റസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. ഉപാധികളോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം നീട്ടിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു.
ഇന്ന് വരെയാണ് (02.06.2022) വിജയ് ബാബുവിന്‍റെ അറസ്റ്റ് വിലക്കിയിരുന്നത്. 39 ദിവസമായി വിദേശത്തായിരുന്ന വിജയ് ബാബു ഇന്നലെ രാവിലെ കൊച്ചിയിലെത്തി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടന്നു. തുടര്‍ച്ചയായ ഒമ്പത് മണിക്കൂറാണ് പൊലീസ് സംഘം വിജയ് ബാബുവിനെ ഇന്നലെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്ന് വിജയ് ബാബുവിന്‍റെ അഭിഭാഷകനും പറഞ്ഞു.
കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു വിജയ് ബാബുവിന്‍റെ മൊഴി. പരസ്പര സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തെളിവായി നടിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍, മെസേജുകള്‍ എന്നിവ കാണിച്ചു. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും വിജയ് ബാബു അന്വേഷണ സംഘത്തോട് പറഞ്ഞു.
ഏപ്രില്‍ 22നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
also read: ലൈംഗിക പീഡന കേസ് : നടന്‍ വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി