എറണാകുളം: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ സിനിമ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്‍റെ അറസ്റ്റ് താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോടും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനോടും കോടതി നിര്‍ദേശിച്ചു. ജൂണ്‍ ഒന്നിന് നാട്ടിലെത്തുന്ന വിജയ് ബാബു ജൂണ്‍ രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകും.
വ്യാഴാഴ്‌ച ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുന്ന നടനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു. വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് തനിക്കെതിരെ ബലാത്സംഗ കേസ് നല്‍കിയതെന്നാരോപിച്ചാണ് വിജയ് ബാബു ഹര്‍ജി സമര്‍പ്പിച്ചത്.
നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡന വിവരങ്ങളും യുവതിയുടെ പേര് വിവരങ്ങളും ഫേസ്‌ബുക്കിലൂടെ പങ്ക് വെക്കുകയും ചെയ്‌തു എന്നതാണ് വിജയ് ബാബുവിനെതിരെയുള്ള കേസ്. എന്നാല്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തത് മുതല്‍ ഇയാള്‍ ഒളിവിലാണ്. എന്നാൽ താൻ നിയമത്തിൽ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരമറിയാതെയാണ് വിദേശത്തേക്ക് പോയതെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം.
ഫേസ്‌ബുക്ക് ലൈവിലെത്തിയ വിജയ് ബാബു താനാണ് ഇതിലെ യഥാര്‍ഥ ഇരയെന്നും നിരപരാധിയാണെന്നുമൊക്കെ വാദിച്ചിരുന്നു. വിജയ് ബാബു നിർമ്മിച്ച സിനിമയില്‍ അഭിനയിച്ച യുവതി ഇക്കഴിഞ്ഞ ഏപ്രില്‍ 22 നാണ് കഴിഞ്ഞ ഒന്നര മാസമായി നടനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ശാരീരിക പീഡനവും ലൈംഗിക ചൂഷണവും സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
also read: വിജയ്‌ബാബു നാട്ടിലെത്തുക ബുധനാഴ്‌ച ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി