എറണാകുളം: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികൾ എന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. നിയമത്തെ മറികടന്ന വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
അതേ സമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും സിനിമയിൽ അവസരം നൽകാത്തതിനെ തുടർന്ന് ബ്ലാക്ക് മെയിലിങിന്‍റെ ഭാഗമായാണ് പീഡന പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്.
Also read: ലൈംഗിക പീഡനം: നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍