എറണാകുളം: കേരള സർവകലാശാലയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർവകലാശാല നിയമവിരുദ്ധമായി പ്രവർത്തിക്കാമെന്നാണോ കരുതുന്നതെന്ന് കോടതി. കേരള സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയംഗത്തെ നാമനിർദേശം ചെയ്യുന്നത് സംബന്ധിച്ച് നവംബർ നാലിന് നടക്കുന്ന സെനറ്റ് യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി സർവകലാശാലയോട് നിർദേശിച്ചിരുന്നു.
വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സർവകലാശാല വ്യക്തമാക്കിയപ്പോഴാണ് കോടതി അതിരൂക്ഷമായി വിമർശിച്ചത്.
കേരള സർവകലാശാലയ്ക്ക് വിസിയെ നിയമിക്കണമെന്ന കാര്യം ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് കോടതി മാത്രമാണെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സെർച്ച് കമ്മിറ്റി രൂപീകരിച്ചതിൽ എതിർപ്പുണ്ടെങ്കിൽ ചാൻസലർക്കെതിരെ പ്രമേയം പാസാക്കുകയാണോ വേണ്ടത്.
ചാൻസലറായ ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ സെനറ്റിന് കഴിയില്ല. അത്തരം നടപടി തെറ്റാണെന്നും കോടതി കുറ്റപ്പെടുത്തി. കേരള സർവകലാശാല നിയമവിരുദ്ധമായി പ്രവർത്തിക്കാമെന്നാണോ കരുതുന്നതെന്നും കോടതി വിമർശിച്ചു. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യുന്നതിലെ കാലതാമസത്തിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്.
നാലാം തീയതിയിലെ സെനറ്റ് യോഗത്തിനു ശേഷം വീണ്ടും യോഗം ചേരാൻ കഴിയുമോയെന്നറിയിക്കാൻ സർവകലാശാല സമയം തേടി. തുടർന്ന് ഗവർണറുടെ പുറത്താക്കൽ നടപടി ചോദ്യം ചെയ്‌ത് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. അതിനിടെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനെതിരായ വിസിമാരുടെ ഹർജികളിന്മേൽ ചാൻസലർ അടക്കമുള്ള എതിർ കക്ഷികളോട് കോടതി വിശദീകരണം തേടി. കാരണം കാണിക്കൽ നോട്ടിസിന്മേൽ ഇടക്കാല സ്‌റ്റേയില്ല. വിസിമാരുടെ ഹർജികൾ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നാളെ വീണ്ടും പരിഗണിക്കും.