എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ (Aluva Murder Case) പ്രതി അസ്‌ഫാഖ് ആലത്തിനെതിരായ ശിക്ഷാവിധി ശിശുദിനത്തിൽ. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷാവിധിക്ക് മുമ്പായി പോക്‌സോ കോടതി (Pocso Court) ഇന്ന് വിശദമായ വാദം കേട്ടു. ഇതിന് ശേഷമാണ് വിധി ഈ മാസം 14ന് പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ വാദപ്രതിവാദങ്ങൾ വൈകുന്നേരം വരെയൊണ് പോക്‌സോ കോടതിയിൽ നീണ്ടുനിന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നതെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജ് ഇടിവി ഭാരതിനോട് പറഞ്ഞു. ശിക്ഷായിളവിന് പ്രായം മാത്രം ഒരു ഘടകമായി സ്വീകരിക്കാൻ കഴിയില്ലെന്ന സുപ്രീം കോടതി വിധിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വധശിക്ഷയ്‌ക്ക് വേണ്ടി വാദിക്കുമ്പോൾ എല്ലാവശവും പരിഗണിക്കേണ്ടതുണ്ട്. അത് കൂടി പരിഗണിച്ചാണ് കോടതിയിൽ വിശദമായ വാദം തന്നെ അവതരിപ്പിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് 20 വർഷത്തെ ശിക്ഷ നൽകി വിട്ടയച്ചാൽ അന്ന് 47 വയസ് പ്രായം മാത്രമാണുണ്ടാവുക. അത് ഇതുവരെ ജനിക്കാത്ത കുട്ടിക്ക് പോലും ഭീഷണിയായി തീരാനുളള സാധ്യതയുണ്ട്.
പ്രതി സമാനമായ കുറ്റം ചെയ്‌തത് 2018 ലാണ്. ആ വർഷമാണ് ഈ കേസിലെ ഇരയായ കുട്ടി ജനിച്ചതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ചു. കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടുകൾ കൂടി കോടതി പരിഗണിക്കും. തന്‍റെ കർത്തവ്യം ചെയ്‌തതായാണ് കരുതുന്നത്. അതിനപ്പുറം വ്യക്തിപരമായ നേട്ടമായി കാണുന്നില്ല. കുട്ടി പ്രതിയോടാപ്പം നിഷ്‌കളങ്കമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ വിഷമമുണ്ടായെന്നും അഡ്വ. ജി. മോഹൻ രാജ് പറഞ്ഞു.
Also Read : ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ, വയസ് പരിഗണിക്കണമെന്ന് പ്രതിഭാഗം
പ്രതിക്ക് വധശിക്ഷ നൽകണമെന്ന ശക്തമായ വാദമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. കേസിൽ അസ്‌ഫാഖ് ആലം കുറ്റക്കാരനാണെന്ന് നവംബർ നാലിനാണ് കോടതി വിധി പറഞ്ഞത്. അപൂർവങ്ങളിൽ അപൂർവമെന്ന പരിഗണനയ്‌ക്ക് വിധേയമാകുന്ന എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടന്ന് സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷൻ അന്ന് വാദിച്ചിരുന്നു. പ്രതിയ്‌ക്ക് വധശിക്ഷ നൽകുന്നതിന് പ്രായം ഒരു പ്രശ്‌നമല്ലെന്നും ഒരു പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്‌തതിലൂടെ പ്രതിയുടെ സ്വഭാവമാണ് വ്യക്തമാകുന്നതെന്നും പ്രതിയുടെ ഇത്തരം ക്രൂര ചെയ്‌തികള്‍ക്ക് ചികിത്സയില്ലെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.