എറണാകുളം:ശബരിമല വിഷയത്തിൽ എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ അന്തിമവിധി വരാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും നിയമ നിർമാണം സംബന്ധിച്ച് പഠിച്ച ശേഷം അഭിപ്രായം വ്യക്തമാക്കാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശന വിലക്ക് ആചാരമല്ല മറിച്ച് കീഴ്‌വഴക്കമാണെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പുന്നല ശ്രീകുമാറിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് തെറ്റാണെന്ന് പറയാനാകില്ലെന്നും നവോത്ഥാന മൂല്യ സംരക്ഷണവും ശബരിമല വിഷയവും രണ്ടാണെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം എസ്എൻഡിപി യോഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകാത്മകം മെഗാ ഇവൻ്റ് 2020 ജനുവരി 18ന് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞു.
ശ്രീനാരായണഗുരു രചിച്ച കുണ്ഡലിനിപാട്ട് എന്ന കൃതിയുടെ മോഹിനിയാട്ട നൃത്താവിഷ്കാരം നടത്തും. ജാതിമതഭേദമന്യേ കേരളത്തിനകത്തും പുറത്തുമുളള അയ്യായിരത്തിലധികം നർത്തകിമാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് എസ്എന്‍ഡിപി ഏകാത്മകം മെഗാ ഇവൻറ് സംഘടിപ്പിക്കുന്നത്.