എറണാകുളം: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി സഭ സ്ഥാനാർഥിയെന്ന് തങ്ങൾ പറഞ്ഞിട്ടില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സഭയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത് മന്ത്രി പി.രാജീവാണ്. മാധ്യമങ്ങള്‍ കോൺഗ്രസിന് പിന്നാലെ നടക്കാതെ സി.പി.എമ്മിലെ പ്രശ്‌നങ്ങൾ വാർത്തയാക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
പാർട്ടി ഒരു സ്ഥാനാർഥിയെ തീരുമാനിക്കുന്നു. ഇതേ തുടർന്ന് ചുമരെഴുത്ത് നടത്തുന്നു. ആ സ്ഥാനാർഥിയെ മാറ്റി പുതിയൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നു. പി.സി.ജോർജിനെ പോലുള്ള ബാഹ്യ ശക്തികളാണ് ഇതിന് പിന്നിലുള്ളത്. ബാഹ്യ ശക്തികൾ ആരൊക്കെയെന്ന് മാധ്യമങ്ങൾ അന്വേഷിച്ച് കണ്ട് പിടിക്കണം.
കോൺഗ്രസ് സ്ഥാനാർഥിയുടെ ലോഞ്ചിംഗ് കൃത്യമായിരുന്നു. എന്നാൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ ലോഞ്ചിംഗ് പാളി പോയി. അതിന് താൻ എന്തിന് മറുപടി പറയണമെന്നും വി.ഡി.സതീശൻ ചോദിച്ചു.
പി.ടി. വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കും. ഇടതുമുന്നണി സ്ഥാനാർഥിയോടൊപ്പം മാധ്യമങ്ങളെ കണ്ട വൈദികനെതിരെ നടപടിയെടുക്കണമെന്ന കെ സുധാകരന്‍റെ പ്രസ്‌താവനയെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രി വിദേശത്തേക്ക് പോയതോടെ സംസ്ഥാനത്ത് ഭരണസ്‌തംഭനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.