എറണാകുളം : ലോകായുക്തയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്ന കേസിൽ ലോകായുക്തയുടെ വിധി വിചിത്രമാണ്. കേരളത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത തകർക്കുന്നതാണ് ഈ വിധിയെന്ന് പറയുന്നതിൽ വളരെയധികം ദുഃഖമുണ്ടെന്നും വി.ഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ പരാതി മൂന്നംഗ ബഞ്ചിന് വിട്ട ലോകായുക്ത വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ വാദങ്ങൾ പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് വിധി പറഞ്ഞ്. എന്തായിരുന്നു ഒരു വർഷത്തെ കാലതാമസമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ലോകായുക്തയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്‌തതിനാലാണ് ഇപ്പോൾ വിധി പറയാൻ തയ്യാറായത്. അല്ലെങ്കിൽ ഒരു കാലത്തും വിധി പുറത്തുവരില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകായുക്തയിലെ ഭിന്നാഭിപ്രായം ഈ കേസ് പരിഗണിക്കാൻ കഴിയുന്നതാണോ എന്നതാണ്. 2019 ൽ അന്ന് ചുമതലയിലുണ്ടായിരുന്ന പയസ് കുര്യാക്കോസ് ഫുൾ ബഞ്ചിലേക്ക് വിട്ട് കേസിന്‍റെ മെറിറ്റിലേക്ക് പോകണമെന്ന് തീരുമാനിച്ചതാണ്. നാല് വർഷത്തിന് ശേഷം ഈ കേസ് ഫുൾ ബഞ്ചിലേക്ക് പോകണമെന്ന് പറയുന്നത് ഞങ്ങളെ വിസ്‌മയിപ്പിക്കുകയാണെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
ഈ വിധി ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയതാണെന്നും വി.ഡി സതീശൻ ആരോപിച്ചു. കെ.ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ കേസിനെ ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയിൽ ഭേദഗതി കൊണ്ടുവന്നത്. എന്നാൽ ഇതിൽ ഗവർണർ ഒപ്പ് വച്ചിട്ടില്ല. ഇത് കേസ് അനന്തമായി നീട്ടി കൊണ്ടുപോകുന്നതിന് വേണ്ടിയാണ്. ഇതിനിടയിൽ ഗവർണറുമായി ഒത്തുതീർപ്പുണ്ടാക്കി ലോകായുക്തക്കെതിരായ ബില്‍ പാസാക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി നിരോധന സംവിധാനത്തിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഉന്നത നീതിന്യായ സംവിധാനങ്ങൾ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നിയമപരമായ യാതൊരു പിൻബലവുമില്ലാത്ത തീരുമാനമാണ് ലോകായുക്ത സ്വീകരിച്ചത്. ലോകായുക്തയുടെ വിശ്വാസ്യത തകർത്ത് തരിപ്പണമാക്കുന്ന തീരുമാനമാണിത്. ഒരു കാരണവശാലും ഉൾക്കൊളളാൻ കഴിയാത്ത തീരുമാനമാണ് ഇന്ന് ഉണ്ടായതെന്നും വി.ഡി സതീശൻ പറഞ്ഞു. അതേസമയം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലോകായുക്തയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ലോകായുക്തയ്ക്ക് മുൻപിലുള്ളത് സത്യസന്ധമായ കേസാണ്. ഫുൾ ബഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ കഴിയില്ല. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനാണെന്നും ലോകായുക്തയുടെ പല്ലും നഖവും പറിച്ച് രക്ഷപ്പെടാനാണ് ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ഒപ്പിടാത്തത് കൊണ്ട് അത് നടന്നില്ല. മുഖ്യമന്ത്രി കാണിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നുറപ്പാണെന്നും ചെന്നിത്തല പറഞ്ഞു. ലോകായുക്ത വിധി വൈകിപ്പിച്ചത് തെറ്റാണ്. ലോകായുക്തയ്ക്ക് മുൻപിൽ എത്തുന്ന കേസുകൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കപ്പെടേണ്ടതുണ്ട്. ലോകായുക്ത വിധി വൈകിപ്പിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.