തിരുവനന്തപുരം: ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ലഭിച്ചപ്പോഴേല്ലാം കുഞ്ഞ് ആലുവ നഗരത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്നും എന്നിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
കേരളത്തിലെ പൊലീസ് സംവിധാനം പൂര്‍ണ പരാജയമായി കൊണ്ടിരിക്കുകയാണ്. ആലുവയില്‍ കുഞ്ഞിന് സംഭവിച്ചത് ദാരുണമായ സംഭവമാണെന്ന് ഹൃദയം പിളരുന്ന വേദനയോടെയല്ലാതെ ആ വാര്‍ത്ത കേള്‍ക്കാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് പോലും സംരക്ഷണം ഇല്ലാത്ത ഒരു സ്ഥിതിയിലേക്ക് നമ്മുടെ നാട് പോകുകയാണെന്നും മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അമിത ഉപയോഗമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗം എവിടെ എത്തിനില്‍ക്കുന്നുവെന്നാണ് നാം മനസിലാക്കേണ്ടത്. ഇതിനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നുണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു.
2015ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണക്കാലത്തുണ്ടായ ജിഷ കൊലപാതക കേസില്‍ യുഡിഎഫിനെ കുറ്റപ്പെടുത്തിയവരാണ് ഇടതുപക്ഷമെന്നും അവരുടെ ഭരണ കാലത്ത് കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നും പൊലീസിനെ രാഷ്‌ട്രീയപരമായി ഉപയോഗിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് എങ്ങനെയാണ് ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുകയെന്ന ആശങ്കയിലാണ് ജനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്‌ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും വ്യാപകമായി ആക്രമണം തുടരുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പൊലീസ് ഒട്ടും ജാഗ്രത പാലിക്കുന്നില്ല.
ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സംസ്ഥാനത്തെ പൊലീസിന് സമയമില്ലെന്നും അവര്‍ക്ക് മൈക്കിനെതിരെയും മൈക്ക് ഉടമക്കെതിരെയും കേസെടുക്കാനെ സമയം ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി റോഡിലിറങ്ങുമ്പോള്‍ സുരക്ഷയ്‌ക്കായി 1000 പൊലീസുകാരെ ഇറക്കുന്നുണ്ടെന്നും കുഞ്ഞിനെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ തന്നെ ആലുവയിലെയും സമീപത്തെയും മുഴുവന്‍ പൊലീസുകാരെയും ഇറക്കി പരിശോധന നടത്തണമായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. ആലുവ ഒരു ചെറുപട്ടണമാണ്, എല്ലാവരും കാര്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഇത്തരം സംഭവം ഉണ്ടാകുമായിരുന്നില്ല.
സ്ഥലത്തെ ബസ് സ്റ്റാന്‍റ്, ഓട്ടോ സ്റ്റാന്‍റ് തുടങ്ങിയുള്ള ഇടങ്ങളിലൊന്നും പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സ്ഥിതി വളരെ അപകടകരമായ നിലയിലേക്ക് മാറുകയാണെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സ്വന്തം കുഞ്ഞുങ്ങളെ കുറിച്ച് ആശങ്ക ഉയരുകയാണ്. മദ്യത്തിനും മയക്കുമരുന്നിനുമെല്ലാം സര്‍ക്കാര്‍ തന്നെയാണ് കുടപിടിക്കുന്നത്. ഇതിനെതിരെ അടിയന്തര നടപടി കൈക്കെള്ളണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
also read: അതിക്രൂര കൊലപാതകം; ആലുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ്