എറണാകുളം: വാഴക്കുളത്ത് ബിരുദ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയാണ് (44) അഞ്ചര വര്‍ഷത്തിന് ശേഷം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പറവൂർ അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജ്യോതിയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.
2018 ജൂലൈ 30ന് രാവിലെയായിരുന്നു കോസിനാസ്‌പദമായ സംഭവം. ബിരുദ വിദ്യാര്‍ഥിയായ തടിയിട്ട പറമ്പ് സ്വദേശി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ബിജു മൊല്ല കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ പ്രതി മോഷണം നടത്താന്‍ ശ്രമം നടത്തുന്നത് കണ്ട് തടയാനെത്തിയ നിമിഷയെ ഇയാള്‍ കത്തി കൊണ്ട് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നിമിഷയുടെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് തന്നെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട് തടയാനെത്തിയ നിമിഷയുടെ പിതൃസഹോദരന്‍ ഏലിയാസിനെയും ഇയാള്‍ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ നിമിഷയുടെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. തടിയിട്ട പറമ്പ് പൊലീസ് ഇന്‍സ്‌പെക്‌ടറായിരുന്ന പിഎം ഷെമീറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എസ് ഉദയഭാനുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.വി ഷാജി ഹാജരായി. നിരപരാധിയായ യുവതിയെ കുടുംബത്തിന് മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. തടിയിട്ട പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ എആർ ജയൻ പ്രോസിക്യൂഷൻ നടപടികളുടെ അസിസ്റ്റന്‍റായി പ്രവർത്തിച്ചു.
40 ഓളം സാക്ഷികളെ വിസ്‌തരിക്കുകയുണ്ടായി. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചു കയറൽ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ. പ്രതിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.