എറണാകുളം: മണ്ണറിഞ്ഞ് വിത്തെറിഞ്ഞാൽ പൊന്നുകൊയ്യാമെന്ന് തെളിയിക്കുകയാണ് കോതമംഗലത്തെ ഈ കർഷകൻ. തൃക്കാരിയൂർ കളപ്പുരക്കുടി വർഗ്ഗീസിന് മണ്ണെന്നാൽ പൊന്നാണ്. തന്‍റെ വീടുൾപ്പെടെ നിൽക്കുന്ന അഞ്ച് സെന്‍റ് പുരയിടത്തിൽ വൈവിധ്യ രുചികളാലും ഔഷധഗുണങ്ങളാലും വസന്തം തീർക്കുകയാണ് ഈ കർഷകൻ.
ഭൂമി കഴിച്ചുള്ള ബാക്കി സ്ഥലം മുഴുവൻ വിവിധയിനം പഴവർഗങ്ങളും ഔഷധസസ്യങ്ങളുമാണ്. ഇവിടെ റെഡ് ലേഡി പപ്പായ, കിലോ പേരക്ക, ഫാഷൻ ഫ്രൂട്ട്, അപൂർവ ഇനത്തിൽപ്പെട്ട ബുഷ് ഓറഞ്ച്, ബെർ ആപ്പിൾ, വുഡ് ആപ്പിൾ, ബ്രസീലിയൻ മര മുന്തിരി എന്നറിയപ്പെടുന്ന ജബോട്ടിക്കാബ, ആഫ്രിക്കയിൽ മാത്രം കണ്ട് വരുന്ന മിറക്കിൾ ഫ്രൂട്ട് കൂടാതെ ചെരക്കയും, കോവക്കയും എല്ലാം വർഗീസിന്‍റെ ചെറിയ കൃഷിയിടത്തിൽ തഴച്ച് വളരുന്നുണ്ട്.
ചെറിയ സ്ഥലത്ത് വലിയ കൃഷിയിലൂടെ മാതൃകയായി വർഗീസ്
പ്രമേഹരോഗങ്ങൾക്കുള്ള പ്രതിവിധിയായ മക്കോട്ട ദേവ ഔഷധ സസ്യം മുതൽ, അഗസ്തി ചീര പോലുള്ള ഔഷധ ഇലക്കറികൾ വരെ ഇവിടെ കാണാം. കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന വർഗ്ഗീസ് ചെറുപ്പം മുതൽ കൃഷിയോടും വളരെ തൽപ്പരനാണ്.
Also Read: തെരുവിലിറങ്ങി കോഴിക്കോട്ടെ വ്യാപാരികള്‍; മിഠായിത്തെരുവില്‍ സംഘര്‍ഷം
മിയാവോക്കി മാതൃകയിലാണ് ഇദ്ദേഹത്തിന്‍റെ കൃഷി. സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ മടിക്കുന്നവർക്ക് പ്രചോദനമാവുകയാണ് ഈ കർഷകൻ. ഒപ്പം, കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വർഗ്ഗീസ് ആവശ്യക്കാർക്ക് പഴച്ചെടികളും പച്ചക്കറിതൈകളും സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്.