എറണാകുളം: വളപട്ടണം ഐ എസ് റിക്രൂട്ട്മെന്‍റ് കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും (15-07-2022). കേസിലെ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്‌ദുല്‍ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം വിധി പറയുന്നത്.
15 പേരെ തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ യു.എ.പി.എയും, രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ ഉള്ള പങ്കുമാണ് കോടതി കണ്ടെത്തിയത്. കണ്ണൂർ വളപട്ടണം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്.
2017ല്‍ എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു. 2017 ഒക്‌ടോബർ 25നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ 234 രേഖകള്‍ സമര്‍പ്പിക്കപ്പെട്ടു. 143 സാക്ഷികളെയും കോടതി വിസ്‌തരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി കസ്റ്റഡിയില്‍ കഴിയുന്ന സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ പ്രോസിക്യൂഷൻ എതിർത്തു. പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമാണ് പ്രോസിക്യൂഷൻ വാദം