എറണാകുളം : കൊച്ചിയിൽ വൈഗയെന്ന പത്തു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹനന് ജീവപര്യന്തം തടവും പിഴയും വിധിച്ച് വിചാരണ കോടതി (Vaiga murder case father Sanumohan punished with life imprisonment). ഇതിനു പുറമെ വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം തടവും ആകെ 170000 രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപയ പിഴയും വിധിച്ചത് (Vaiga murder case court verdict).
ഐപിസി 201 വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപയുമാണ് പിഴ നൽകേണ്ടത്. ഐപിസി 328 പ്രകാരം പത്ത് വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. ബാലാവകാശ നിയമം ജെ ജെ ആക്‌ട് ഇരപത്തിയഞ്ച് പ്രകാരം പത്ത് വർഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ജെ ജെ ആക്‌ട് എഴുപത്തിയേഴ് അനുസരിച്ച് മൂന്ന് വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ജഡ്‌ജ് കെ. സോമനാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ശിക്ഷ വിധിക്ക് മുന്നോടിയായുള്ള വാദവും കോടതിയിൽ പൂർത്തിയാക്കായിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 328, 201 വകുപ്പുകളും, ബാലവാകാശ നിയമത്തിലെ 75, 77 വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ പ്രതിയായ കേസിൽ സമൂഹത്തിന് പാഠമാക്കുന്ന ശിക്ഷ തന്നെ നൽകണയെന്നായിരുന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്. സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷപെടാൻ രാജ്യം വിടാനൊരുങ്ങിയ പ്രതി സ്വന്തം മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
2021 മാർച്ച് 22നാണ് കേസിന് ആസ്‌പദമായ സംഭവം. ആലപ്പുഴയിലെ വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് മകൾ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹൻ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി 9.30 നായിരുന്നു കൊലപാതക ശ്രമം. ശീതള പാനീയത്തിൽ മദ്യം നൽകിയ ശേഷം മയങ്ങി പോയ മകളെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്.
മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതി പ്രതി കുട്ടിയെ കിടക്ക വിരിപ്പിൽ പൊതിഞ്ഞ് രാത്രി പത്തര മണിയോടെ മുട്ടാർ പുഴയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പുഴയിൽ മുങ്ങിയായിരുന്നു യഥാർഥത്തിൽ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. അച്ഛനെയും മകളെയും കാണാനില്ലന്നായിരുന്നു ആദ്യം വാർത്ത പരന്നത്.
എന്നാൽ പിറ്റേ ദിവസം മുട്ടാർ പുഴയിൽ കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതോടെ അച്ഛൻ മകളെ കൊലപ്പെടുത്തിയെന്ന സംശയത്തിലേക്ക് നീങ്ങുകയായിരുന്നു. ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കർണാടകയിൽ നിന്നും സനു മോഹനൻ പൊലീസിന്‍റെ പിടിയിലായത്.
ഇതോടെയാണ് വൈഗ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന പ്രതി, മകളുമായി നല്ല സ്നേഹബന്ധത്തിലായിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയായിരുന്നു കുട്ടി പ്രതിയായ അച്ഛനൊപ്പം പോകാൻ തയ്യാറായത്. മകൾ തനിച്ചായി പോകുമെന്ന ഭയത്തിലാണ് കൊല നടത്തിയതെന്ന വിചിത്രമായ മൊഴിയാണ് പ്രതി പൊലീസിന് നൽകിയത്.
ധൂർത്തടിച്ച് ജീവിച്ച പ്രതി കടബാധ്യതകളിൽ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉൾപ്പടെ ഉപേക്ഷിച്ച് കടന്ന പ്രതി പൊലീസ് പിടികൂടില്ലെന്നായിരുന്നു വിശ്വസിച്ചത്. മകളെ കൊടപ്പെടുത്തിയ ശേഷം തെളിവുകൾ ഉൾപ്പടെ പ്രതി നശിപ്പിച്ചിരുന്നു. കേസിൽ 97 പേരായിരുന്നു പ്രോസിക്യൂഷൻ സാക്ഷികൾ. ഒരു വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസിൽ വിചാരണ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.