എറണാകുളം : വടക്കഞ്ചേരിയില്‍ ടൂറിസ്‌റ്റ് ബസ് കെഎസ്ആര്‍ടിസിയിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് വിദ്യാർഥികൾക്കും അധ്യാപകനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൂന്ന് മണിയോടെയാണ് ആറ് പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിൽ എത്തിച്ചത്. ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് ബസേലിയസ് സ്‌കൂൾ സാക്ഷ്യം വഹിച്ചത്.
കൂട്ടുകാരുടെയും അധ്യാപകന്‍റെയും ചേതനയറ്റ ശരീരങ്ങള്‍ പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോൾ കണ്ടുനിൽക്കാനാകാതെ ഉറ്റവരും നാട്ടുകാരും പൊട്ടിക്കരയുകയായിരുന്നു. വാക്കുകൾക്കതീതമായ വൈകാരിക കാഴ്‌ചകളായിരുന്നു സ്‌കൂൾ മുറ്റത്ത്. പ്രിയപ്പെട്ടവരെ ഒരു നോക്കുകാണാൻ നാട്ടുകാർ തിരക്ക് കൂട്ടിയതോടെ നിയമപാലകർക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
ഒരു മണിക്കൂറാണ് വിദ്യാലയത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്‍റണി രാജു , പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെ നിരവധി പ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇന്നലെ വരെ ഓടിക്കളിച്ച വിദ്യാലയമുറ്റത്ത് നിന്നും വിദ്യാർഥികളുടെ മൃതദേഹങ്ങൾ അഞ്ച് ആംബുലൻസുകളിൽ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. മതപരമായ ചടങ്ങുകൾക്കുശേഷം വീടുകളിൽ സംസ്‌കാരം നടക്കും.
വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്‍റര്‍ ബോൺ തോമസ് (15), ദിയ രാജേഷ്( 15), ഇമ്മാനുവൽ(17)അഞ്ജന അജിത് (17) കായിക അധ്യാപകനായ വിഷ്‌ണു (33) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്‌റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്‌റ്റ് ബസിലാണ് ടൂറിസ്‌റ്റ് ബസ് ഇടിച്ചത്.കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന മൂന്ന് പേര്‍ അപകടത്തിൽ മരിച്ചിരുന്നു.