എറണാകുളം: സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരായി നടത്തിയ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആരോപണങ്ങളിൽ വിദേശകാര്യ വകുപ്പിന് ഔദ്യോഗികമായി പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും വി. മുരളീധരൻ പറഞ്ഞു. ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാഷ്ട്ര തലവൻമാർ നമ്മുടെ രാജ്യം സന്ദർശിക്കുമ്പോൾ വളരെ വിശദമായി യാത്രയുടെ കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കാറുണ്ട്. അതിൽ മാറ്റവരുത്തിയിട്ടുണ്ടെങ്കിൽ അതു ഗുരുതരമായ വീഴ്‌ചയാണ്. ഗുരതരമായ പ്രോട്ടോക്കോൾ ലംഘനവും നിയമ ലംഘനവുമാണെന്ന് വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്.
വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച വഴിയും, ഷാർജ ഭരണാധികാരിയെ കൊണ്ടുപോയ റൂട്ടും വ്യത്യാസമുണ്ടെങ്കിൽ എന്തിന് കൊണ്ടു പോയെന്ന് വ്യക്തമാകണം. വിദേശത്ത് കൊണ്ടുപോകേണ്ട ഗിഫ്റ്റ് മറന്നു വെച്ചാൽ സർക്കാരിന് ഒരു ഉദ്യോഗസ്ഥനെ അതുമായി അയക്കാം. പക്ഷെ അത്തരത്തിൽ ഉദ്യോഗസ്ഥനെ അയക്കുമ്പോൾ പരിശോധിക്കപ്പെടും.
പരിശോധനയില്ലാതെ കൊണ്ടുപോകണമെങ്കിൽ നയതന്ത്ര പ്രതിനിധിയുടെ വിലാസം ഉപയോഗിക്കാം. അതിന് വേണ്ടി ബോധപൂർവ്വം നയതന്ത്ര ചാനൽ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല രാജ്യത്തിന് നാണക്കേടാണ്.
പരിശോധനയ്ക്ക് വിധേയമാകാതെ നിയമ വിരുദ്ധമായി കൊണ്ടുപോകേണ്ട വസ്‌തു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വഴി കൊണ്ടു പോയി എന്നാണ് താൻ വിശ്വസിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. ഷാർജ ഭരണാധികാരിയുടെ ഔദ്യോഗിക പരിപാടികളിൽ മാറ്റം വരുത്തി ക്ലിഫ് ഹൗസിൽ നടത്തിയ യോഗത്തിൽ മുഖ്യമന്ത്രിയും കുടുംബവും പങ്കെടുത്തുവെന്ന് സ്വപ്‌ന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.