കൊച്ചി : 'ചുരുളി' സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത പതിപ്പാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് (സിബിഎഫ്‌സി) അഭിഭാഷകന്‍ ഹൈക്കോടതിയില്‍. സോണി ലിവ്വിലാണ് സനിമയുടെ സെന്‍സര്‍ ചെയ്യാത്ത പതിപ്പുള്ളതെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ മുമ്പാകെ അഭിഭാഷകന്‍ വ്യക്തമാക്കി.
സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത പതിപ്പ് 'എ' സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ പെടുന്നതാണെന്ന് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു. ബോര്‍ഡിന്‍റെ ഭാഗം കേട്ട കോടതി ഹര്‍ജിക്കാരനായ പെഗ്ഗി ഫാനിന്‍റെ അപേക്ഷ സ്വീകരിച്ചതായും അറിയിച്ചു.
Also Read: Highcourt Against Churuli Movie : 'ഭാഷാപ്രയോഗം അതിഭീകരം'; ചുരുളി സിനിമയ്‌ക്കെതിരെ ഹൈക്കോടതി
സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ വൃത്തികെട്ടതാണെന്ന് ഫാനിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിഎ അനൂപ് കോടതിയെ അറിയിച്ചു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രതിനിധീകരിച്ച് ആരും കോടതിയില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ജനുവരി ഏഴിലേക്ക് മാറ്റി. അഭിഭാഷക കൂടിയായ പരാതിക്കാരിക്ക് കേസ് സിവില്‍ കോടതിയിലേക്ക് മാറ്റിക്കൂടേയെന്ന് കോടതി ചോദിച്ചു. നവംബര്‍ 19 നാണ് സിനിമ ഒടിടിയില്‍ റിലീസ് ചെയ്തത്. ഇതില്‍ ഉപയോഗിച്ചിരുന്ന ഭാഷ കുട്ടികളെയും സ്ത്രീകളേയും അധിക്ഷേപിക്കുന്നതാണെന്നാണ് വാദം.