എറണാകുളം: രാഷ്‌ട്രീയ വിവാദങ്ങള്‍ക്കിടെ യുഡിഎഫ് ഏകോപന സമിതിയോഗത്തിന് കൊച്ചിയില്‍ തുടക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം രമേശ് ചെന്നിത്തല എംഎല്‍എ ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ല.
വ്യക്തിപരമായ കാരണങ്ങളാലാണ് രമേശ് ചെന്നിത്തല യോഗത്തിനെത്താതിരുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വ്യക്തമാക്കി. മൃതു ഹിന്ദുത്വവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി നടത്തിയ പ്രസ്താവനയില്‍ തെറ്റില്ലെന്ന് പറഞ്ഞ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മൃദു ഹിന്ദുത്വം എന്നത് സിപിഎം സൃഷ്‌ടിയാണെന്നും ആരോപിച്ചു. അരിയിൽ ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിൽ കെ സുധാകരൻ നടത്തിയ പ്രസ്താവനയിൽ ആശയ കുഴപ്പമില്ല.
ബഫര്‍ സോണ്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. കൂടാതെ കാര്‍ഷിക പ്രശ്‌നങ്ങളും ഇപി ജയരാജനെതിരായ റിസോര്‍ട്ട് വിവാദവും ചര്‍ച്ചായകും. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെതിരായ റിസോര്‍ട്ട് വിവാദം വേണ്ട രീതിയില്‍ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.
ഇത്തരം വിഷയങ്ങളില്‍ ഏകാഭിപ്രായം പറയാന്‍ നേതാക്കള്‍ക്ക് സാധിക്കാത്തതും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് യുഡിഎഫ് നേതാക്കളുടെ പൊതുവായ അഭിപ്രായം.
എകെ ആന്‍റണിയുടെ മൃദു ഹിന്ദുത്വത്തെ കുറിച്ചുള്ള പ്രസ്‌താവനയെ പിന്തുണച്ച് വിഡി സതീശനും, കെ മുരളീധരനും രംഗത്തെത്തിയിരുന്നു. അതേസമയം ഇതിനെതിരായ നിലപാടായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ ലീഗിന്‍റെ നിലപാട് ഉള്‍പ്പടെ യോഗത്തില്‍ ഉന്നയിക്കും.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന കണ്ണൂരിലെ അഭിഭാഷകന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള രാഷ്‌ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും. അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നായിരുന്നു കെ സുധാകരന്‍റെ ആദ്യ പ്രസ്താവന. ഇതില്‍ ലീഗിന് അതൃപ്‌തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്.