കൊച്ചി: എറണാകുളം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സജീവമായി യു.ഡി.എഫ് നേതാക്കൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും ഇതിനെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പെന്നും മുല്ലപ്പള്ളി രാമചന്ദ്രനും പി. കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
ലാവ്‌ലിന്‍ കേസിൽ കേന്ദ്രവുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണ്. കണ്ണൂർ വിമാനത്താവളം അഴിമതിയുമായി ബന്ധപ്പെട്ട് മുംബൈയിലെ വ്യവസായിയും കോടിയേരിയുടെ മകനും ഓഹരി ഇടപാട് നടത്തിയെന്നത് മാണി സി. കാപ്പൻ സമ്മതിച്ചതാണ്. അതിനാൽ തന്നെ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തെ ബി.ജെ.പി ഇല്ലാതാക്കുകയാണ്. ആൾക്കൂട്ടക്കൊലയെക്കുറിച്ച് കത്തെഴുതിയവർക്കെതിരെ കേസെടുക്കുന്ന നയമാണ് ബി.ജെ.പിയുടേത്. വോട്ടു കച്ചവടവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും ബി.ജെ.പി-സി.പി.എം വോട്ടുകച്ചവടം പകൽപോലെ വ്യക്തമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് വികസന മുരടിപ്പാണെന്നും അതിനാൽ ജനം ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നതായും പി. കെ. കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി ഒറ്റപ്പെട്ട സംഭവമാണ്. ഏറ്റവും മികച്ച പാലങ്ങളും റോഡുകളും പണിതത് യു.ഡി.എഫ് സർക്കാരാണ്. എൽ.ഡി.എഫിന് ജനങ്ങൾക്ക് വേണ്ടി ചെയ്തു എന്ന് പറയാൻ ഒന്നുമില്ല. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെയെന്നും വരുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടം ഉണ്ടാക്കില്ലെന്നും പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശൻ എം.എൽ.എ, ഹൈബി ഈഡൻ എം. പി. എന്നിവരും പങ്കെടുത്തു.