എറണാകുളം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് കലക്ടറേറ്റിലെത്തി വരണാധികാരിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പെട്രോൾ, ഡീസൽ, പാചക വാതക വില വര്‍ധനവ് എന്നിവയില്‍ പ്രതിഷേധിച്ച് സൈക്കിള്‍ റിക്ഷയിലാണ് ഉമയെത്തിയത്.
പിടി തോമസ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം മുഴക്കി പ്രവർത്തകരുടെയും യുഡിഎഫ് നേതാക്കളുടെയും അകമ്പടിയോടെയാണ് പത്രിക സമർപ്പിക്കാൻ ഉമ തോമസ് എത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഉമ തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഉമ തോമസ് പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്ന ഹൈബി ഈഡൻ എംപി പറഞ്ഞു. മാധ്യമങ്ങൾ ആശയ കുഴപ്പം സൃഷ്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെബി മേത്തറും ഉമയ്‌ക്കൊപ്പമുണ്ടായിരുന്നു. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസായിരുന്നു റിക്ഷ ചവിട്ടിയത്.
കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളായ ടിഎച്ച് മുസ്തഫ, പിപി തങ്കച്ചൻ എന്നിവരുമായി വീട്ടിലെത്തി കൂടികാഴ്ച നടത്തിയ ശേഷമാണ് ഉമ തോമസ് നാമനിർദേശ പത്രിക നൽകാൻ കലക്‌ടറേറ്റിലെത്തിയത്.
also read:തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി ; ഐകകണ്‌ഠേന തീരുമാനം