എറണാകുളം: എറണാകുളത്ത് വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. ബസ് ബൈക്കിലിടിച്ചാണ് രണ്ട് അപകടവും നടന്നത്. പെരുമ്പാവൂരിൽ ബസ് ബൈക്കിലിടിച്ച് തുർത്തിപ്പിള്ളി സ്വദേശി സ്‌റ്റാൻലിനാണ് (26) മരിച്ചത്. തുരുത്തിപ്പിള്ളി എരപ്പ് അറക്കക്കുടി എൽദോസിന്‍റെ മകനാണ് സ്‌റ്റാൻലിൻ.
ചൊവ്വാഴ്‌ച (03.01.2023) രാത്രി പെരുമ്പാവൂർ എംസി റോഡിൽ റിലയൻസ് പമ്പിന് സമീപമാണ് അപകടം നടന്നത്. സ്‌റ്റാൻലിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃപ്പൂണിത്തുറ എസ്എൻ ജങ്ഷനിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പുത്തൻകുരിശ് സ്വദേശി ശ്രെയസ് ആണ് മരിച്ചത്. കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.