എറണാകുളം: കോതമംഗലം പോത്തുപാറ വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ. പോത്തുപാറ പീറ്റർ, പോത്തുപാറ പോൾ എന്നിവരെയാണ് കോതമംഗലം റേഞ്ച് ഓഫീസർ പി.കെ.തമ്പിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്. തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെക്കുകയായിരുന്നു. റബർ വെട്ടാൻ എത്തിയ തൊഴിലാളിയാണ് റബർ തോട്ടത്തിൽ കാട്ടുപന്നി വെടി കൊണ്ട് ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റിനെ വിവരമറിയിക്കുകയായിരുന്നു.
സാഹചര്യ തെളിവുകൾ പരിശോധിച്ചതിൽ നിന്നാണ് പോളും, പീറ്ററും പിടിയിലായത്. കാട്ടുപന്നിയെ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പോളിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കേസിൽ ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടന്നും അന്വേഷണം നടത്തി വരികയാണന്നും വനപാലകർ പറഞ്ഞു. പിടികൂടിയവരെ കോതമംഗലം കോടതിയിൽ ഹാജരാക്കി.