എറണാകുളം: സ്വർണക്കടത്ത് കേസിൽ വെള്ളിയാഴ്‌ച അറസ്റ്റിലായ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റംസ് അറസ്റ്റ് ചെയ്‌ത മലപ്പുറം കൂട്ടിലങ്ങാടി സ്വദേശികളായ അബ്ദുൽ ഹമീദ്, അബൂബക്കർ എന്നിവരെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റ കൃത്യങ്ങൾക്കായുള്ള കോടതി ഈ മാസം 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്‌തത്. പ്രതികളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൊവിഡ് പരിശോധന ഫലം ലഭിച്ച ശേഷം പ്രതികളെ ചൊവ്വാഴ്ച ഹാജരാക്കാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റു ചെയ്ത സൈതലവിയിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് അബ്ദുൽ ഹമീദിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് അബൂബക്കറിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ 11, 12 പ്രതികളാണിവർ. സ്വർണക്കടത്തിന് വേണ്ടി പ്രതികൾ ഒരു കോടിയിലധികം രൂപ നിക്ഷേപിച്ചതായി കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ അറിയിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്തിലും, കുറ്റകരമായ ഗൂഡാലോചനയിലും ഇരുവരും പങ്കാളികളാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതികളുടെ കൊവിഡ് പരിശോധന ഫലം ലഭിച്ച ശേഷം കസ്റ്റംസ് കസ്റ്റഡി അപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും.
അതേസമയം, കേസില്‍ റിമാൻഡില്‍ കഴിയുന്ന നാലാം പ്രതി കെ.ടി റമീസിന്‍റെ കൊവിഡ് പരിശോധന ഫലം വന്ന ശേഷം ഈ മാസം 21ന് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.