എറണാകുളം: 12 കോടിയുടെ നികുതിവെട്ടിപ്പ് കേസിൽ കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ. ഇല്ലാത്ത ചരക്ക് നീക്കത്തിന്‍റെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി 12 കോടിയിൽ പരം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതിന് ജിഎസ്‌ടിയുടെ അന്വേഷണ സംഘമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്‌തത്. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരെ ജിഎസ്‌ടി നിയമം 69 വകുപ്പ് ചുമത്തിയാണ് നടപടി.
2022 ജൂൺ മാസം മൂന്നാം തീയതി ഇവരുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. ഇതേ തുടർന്ന് പ്രതികൾ രണ്ടുപേരും ഒളിവിലായിരുന്നു. ഹാജരാകാനായി നിരവധി തവണ സമൻസ് കൊടുത്തിട്ടും പ്രതികൾ ഹാജരായില്ല.
ജൂൺ 20ന് സായുധ പൊലീസിന്‍റെ സഹായത്തോടെ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പ്രതികൾക്കായി വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ഒളിവിലായിരുന്ന പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ആക്രിയുടെ മറവിൽ വ്യാജ ബില്ലുകൾ നിർമിച്ച് നികുതിവെട്ടിപ്പ് ശൃംഖല ഉണ്ടാക്കിയാണ് പ്രതികൾ 12 കോടിയിൽ പരം രൂപയുടെ വെട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ അഞ്ച് മാസത്തോളമായി പ്രതികള്‍ക്ക് വേണ്ടി ജിഎസ്‌ടി വകുപ്പ് നിരന്തരമായ അന്വേഷണം നടത്തുന്നുണ്ട്. ഒടുവില്‍ ഇടപ്പള്ളിയിലെ ലുലു മാളിന് സമീപം ഇരുവരുമുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് രഹസ്യമായെത്തിയാണ് പ്രതികളെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അഞ്ചുവർഷം വരെ കഠിനതടവും പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ് ജിഎസ്‌ടി നിയമ പ്രകാരം പ്രതികൾ ചെയ്‌തത്.