എറണാകുളം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കൊച്ചിയില്‍ പ്രത്യേക എൻഐഎ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം തള്ളിയത്. സ്വർണക്കടത്തിൽ സ്വപ്ന പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. ഡിപ്ലൊമാറ്റിക് ബാഗേജ് വഴി സ്വർണം പലതവണ കടത്തിയതിന് കേസ് ഡയറിയിൽ തെളിവുണ്ട്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന അറിവ് പ്രതിക്ക് ഉണ്ടായിരുന്നു. എൻഐഎ ചുമത്തിയ കുറ്റങ്ങൾ നില നിൽക്കുമെന്നും കോടതി പറഞ്ഞു. കേസിൽ യുഎപിഎ നിലനിൽക്കുമെന്ന എൻഐഎ വാദം കോടതി അംഗീകരിച്ചു.
അതേസമയം, സ്വർണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചതിന് തെളിവില്ലന്ന് കോടതി പറഞ്ഞു. നിലവിൽ പ്രതിക്ക് തീവ്രവാദ പ്രവർത്തനങ്ങളിൽ ബന്ധമുണ്ടെന്നതിന് തെളിവില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗം വാദവും കോടതി അംഗീകരിച്ചില്ല. സ്വർണക്കടത്ത് സംബന്ധിച്ച് രാജ്യത്തെ അന്വേഷണ ഏജൻസികൾ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ജൂലായ് എട്ടിന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേസിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലെന്നതിന്‍റെ തെളിവാണിതെന്നും കോടതി ചൂണ്ടികാണിച്ചു.