എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് എൻഫോഴ്സ്മെന്‍റ് കേസിലെ ജാമ്യാേപക്ഷ തള്ളിയത്. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതിക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി വിലയിരുത്തി. കള്ളക്കടത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് പ്രതി ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ഉന്നത സ്വാധീനമുള്ള സ്വപ്നയ്ക്ക് ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചിരുന്നു. ഈ കാര്യങ്ങൾ അംഗീകരിച്ചാണ് കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിയത്. തനിക്ക് ഉന്നതരിൽ സ്വാധീനമുണ്ടെന്ന് പറയുന്നതല്ലാതെ കള്ളപ്പണ ഇടപാട് നടത്തിയതായി ഒരു റിപ്പോർട്ടിലും പറയുന്നില്ലെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞിരുന്നു. റെഡ് ക്രസന്‍റുമായി ബന്ധപ്പെട്ട ഭവന നിർമാണ പദ്ധതിയുടെ കരാർ യൂണിടെക്കിന് നൽകിയതിന് യുഎഇ കോൺസുൽ ജനറലിന് കമ്മീഷൻ ലഭിച്ചിരുന്നു. ഇതിൽ നിന്ന് ഒരു പങ്ക് സമ്മാനമായി കോൺസുൽ ജനറൽ തനിക്ക് നൽകിയിരുന്നു. ആ തുകയും, വിവാഹ സമയത്ത് ലഭിച്ച സ്വർണവുമാണ് ലോക്കറിലുള്ളതെന്നും സ്വപ്‌ന കോടതിയിൽ പറഞ്ഞു.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നിരപരാധിയാണെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത പ്രതിക്കുണ്ടെന്നും കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. തനിക്കെതിരെ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന സ്വപ്നയുടെ വാദം കോടതി അംഗീകരിച്ചില്ല. എൻ.ഐ.എ അന്വേഷിക്കുന്ന കേസിൽ എൻ.ഐ.എ പ്രത്യേക കോടതിയും, കസ്റ്റംസും അന്വേഷിക്കുന്ന കേസുകളിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും സ്വപ്നയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.