എറണാകുളം : കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിനിരയായത്. രവിപുരത്തെ റെയ്‌സ് ട്രാവൽസിലാണ് സംഭവം. പ്രതി പള്ളുരുത്തി സ്വദേശി ജോളി ജെയിംസിനെ പൊലീസ് പിടികൂടി.
ഇന്ന് രാവിലെ 11 മണിയ്‌ക്കാണ് യുവതി ആക്രമിക്കപ്പെട്ടത്. പ്രതിയായ ജോളി ജെയിംസും ട്രാവൽസ് സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാട് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിസയ്ക്ക് വേണ്ടി ഒന്നര ലക്ഷം രൂപ റെയ്‌സ് ട്രാവൽസിന് നൽകിയതായാണ് ജോളി പറയുന്നത്. എന്നാൽ, വിസ ലഭിക്കുകയോ പണം തിരിച്ച് നൽകുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പ്രതി ജീവനക്കാരിയെ വെട്ടിയതെന്നാണ് വിവരം.
വെട്ടേറ്റയുടൻ കുതറി ഓടിയ യുവതി സമീപത്തെ ഹോട്ടലിൽ കയറി രക്ഷപ്പെടുകയായിരുന്നു. കഴുത്തിനാണ് യുവതിക്ക് വെട്ടേറ്റത്. നാട്ടുകാർ ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി.
സൂര്യ അപകടനില തരണം ചെയ്‌തതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതി ജോളിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.