എറണാകുളം: സംസ്ഥാനത്ത് ബിവറേജസ്, കൺസ്യൂമർ ഫെഡ് മദ്യശാലകൾ, ബാറുകൾ എന്നിവ എപ്പോൾ തുറക്കണമെന്ന് തീരുമാനമായിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ അറിയിച്ചു. തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് എം.ഡിയുടെ സർക്കുലറെന്നും മന്ത്രി വ്യക്തമാക്കി. ഒരോ സ്ഥാപനവും തുറന്നു പ്രവർത്തിപ്പിക്കുനതിന് മുൻപും ശുചീകരണം നടത്തി അണുവിമുക്തമാക്കണമെന്ന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തയ്യാറെടുപ്പുകളുടെ നിർദ്ദേശം മാത്രമാണ് നൽകിയത്. മദ്യശാലകൾ തുറക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിഥി തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവർ ആഗ്രഹിക്കുന്നത് നാട്ടിലേക്ക് തിരിച്ച് പോകാനാണ്. തൊഴിലാളികളെ റോഡ് മാർഗം കൊണ്ടു പോകുന്നത് പ്രായോഗികമല്ല. നോൺ സ്റ്റോപ്പ് ട്രെയിനുകൾ തന്നെ വേണം എന്നതാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ പുതിയ ഉത്തരവ് ചർച്ച ചെയ്യുമെനും മന്ത്രി പറഞ്ഞു.