എറണാകുളം : ടൈറ്റാനിയം അഴിമതി കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് (High Court orders CBI probe in titanium scam case). മുൻ ജീവനക്കാരനായ ജയൻ നൽകിയ ഹർജിയിൽ ആണ് കേസ് ഏറ്റെടുക്കാൻ സിബിഐയ്‌ക്ക് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ് ജയൻ ഹർജി സമർപ്പിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എംഎൽഎ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് കേസിൽ ആരോപണം നേരിടുന്നത്. നേരത്തെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അതേസമയം കേസ് സിബിഐക്ക് വിടാൻ വിജിലൻസ് ശുപാർശ നൽകിയിരുന്നു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വികെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരിക്കെയാണ് കേസിന് ആസ്‌പദമായ സംഭവങ്ങൾ നടക്കുന്നത്. ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി കരാറിൽ എത്തിയിരുന്നു. 256 കോടിയുടെ ഉപകരണങ്ങൾ എത്തിക്കാനായിരുന്നു തീരുമാനം. ഇതിൽ ഏകദേശം 86 കോടിയോളം രൂപയുടെ അഴിമതി നടന്നു എന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.
അഴിമതി ആരോപണം ഉയരുന്നത് 2006ൽ : ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയരുന്നത് 2006ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്ററാണ് ടൈറ്റാനിയം അഴിമതി ആരോപണം ഉയർത്തി രംഗത്ത് വന്നത്. പിന്നീട് ഇത് വലിയ വിവാദത്തിന് തുടക്കമിടുകയായിരുന്നു.
256 കോടി രൂപയുടെ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് റാഞ്ചി ആസ്ഥാനമായ മെക്കോണ്‍ എന്ന പൊതുമേഖല സ്ഥാപനത്തിനാണ് ടൈറ്റാനിയം കരാര്‍ നല്‍കിയത്. ബ്രിട്ടണ്‍ ആസ്ഥാനമായ വിഎന്‍ ടെക്ക് ബാങ്ക് എന്ന സ്ഥാപനത്തില്‍ നിന്ന് 86 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തെങ്കിലും ഒരെണ്ണം പോലും സ്ഥാപിച്ചില്ല. ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തതില്‍ വന്‍ അഴിമതി നടന്നെന്ന് ആയിരുന്നു ആരോപണം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഗൂഢാലോചന നടത്തി ആഗോള ടെന്‍ഡര്‍ ഒഴിവാക്കി മെക്കോണിന് കരാര്‍ നല്‍കിയെന്നായിരുന്നു ആരോപണം.
തുടർന്ന് അധികാരത്തില്‍ വന്ന വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെ അഴിമതിയില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ്, ടൈറ്റാനിയം എംഡി എന്നിവരുള്‍പ്പടെ ആറ് പേര്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അഴിമതിയുടെ വ്യാപ്‌തി എത്രത്തോളമാണെന്ന് കണ്ടെത്താന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടാനും വിജിലന്‍സ് തീരുമാനിച്ചിരുന്നു. അഴിമതിയുടെ വ്യാപ്‌തി കണ്ടെത്തിയാല്‍ മാത്രമേ കേസിലെ രാഷ്‌ട്രീയക്കാരുടെ പങ്ക് കണ്ടെത്താനാകൂവെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.