കൊച്ചി: 13 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തൃപ്തി ദേശായിയും സംഘവും മടങ്ങി. സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്നാണ് മടങ്ങുന്നതെന്ന് തൃപ്തി ദേശായി മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല ദർശനത്തിനായി ഓൺലൈനില്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇ-മെയിൽ അയച്ചിരുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും പൊലീസ് സുരക്ഷ നൽകിയില്ല. തിരിച്ച് പോകണമെന്നാണ് പൊലീസ് നിര്‍ദേശിച്ചത്. ഇതിനെ തുടർന്ന് ഇത്തവണ മടങ്ങുകയാണെന്നും എന്നാൽ അടുത്ത തവണ ദർശനം നടത്തിയിട്ടേ മടങ്ങൂവെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമലയിൽ പ്രവേശിക്കുന്നതിനായി ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് തൃപ്‌തിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും നേരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തുകയായിരുന്നു. ഇതിനെ പിന്നാലെ ബിജെപി-ശബരിമല കർമസമിതി പ്രവർത്തകർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ ശബരിമലയിൽ പോകുന്നതിനായി തൃപ്‌തിക്കും സംഘത്തിനും സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചതോടെ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം മാധ്യമങ്ങളെ കണ്ട് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ നിന്ന തൃപ്‌തിക്കും സംഘത്തിനും നേരെ പ്രതിഷേധമുണ്ടായി. വിമാനത്താവളം വരെ പൊലീസ് സുരക്ഷയിലാണ് സംഘം യാത്ര തിരിച്ചത്.