എറണാകുളം : ഓണാഘോഷവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ കേന്ദ്രമായ തൃക്കാക്കര ക്ഷേത്രത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊലിമയോടെ ഓണാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നു. തിരുവോണ ദിവസം ആയിരങ്ങളാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ഓണാഘോഷത്തിന് പിന്നിലെ ഐതിഹ്യങ്ങൾ ഇവിടെ നടന്നുവെന്നാണ് സങ്കൽപം.
തൃക്കാക്കര സന്ദര്‍ശനത്തിനെത്തിയ സമയത്താണ് മഹാബലിയെ തേടി വാമനന്‍ എത്തിയതെന്നും മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയത് തൃക്കാക്കര ക്ഷേത്രത്തില്‍ വച്ചാണെന്നുമാണ് ഐതിഹ്യം. വാമന പ്രതിഷ്‌ഠയുള്ള കേരളത്തിലെ ഏക അമ്പലം കൂടിയാണ് തൃക്കാക്കര ക്ഷേത്രം.
തിരുവോണ ദിനത്തിൽ കൊട്ടും കുരവയുമായാണ് ക്ഷേത്രത്തിലെത്തിയ വാമന മൂർത്തിയെ ഭക്തർ സ്വീകരിച്ചത്. തുടർന്ന് ക്ഷേത്രത്തിലെ മഹാബലി മണ്ഡപത്തിലെത്തി പാതാളത്തിൽ നിന്നും മഹാബലിയെ വാമനൻ സ്വീകരിക്കുന്നതായിരുന്നു തിരുവോണ ദിനത്തിലെ പ്രധാന ചടങ്ങ്. വാമനൻ മഹാബലിയെയും കൂട്ടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും ഐതിഹ്യത്തെ യഥാർഥ്യമാക്കുന്ന ആചാരം കൂടിയാണ്.
ഒമ്പത് ആനകളെ പങ്കെടുപ്പിച്ചുള്ള ശ്രീബലിയും പ്രത്യേക നാദസ്വരവുമാണ് ഇത്തവണ അരങ്ങേറിയത്. ജാതിമത ഭേദമന്യേ ഓണത്തിന്‍റെ സൗഹൃദ സന്ദേശം ഉൾക്കൊണ്ട് ആയിരങ്ങളാണ് ഓണസദ്യയിൽ പങ്കെടുത്തത്. അത്തം മുതൽ പത്തുദിവസം നീണ്ടുനിന്ന ഉത്സവ ചടങ്ങുകൾക്കാണ് തിരുവോണ നാളിൽ തൃക്കാക്കര ക്ഷേത്രത്തിൽ സമാപനം കുറിച്ചത്. രാജഭരണ കാലത്ത് 64 നാടുവാഴികൾ ചേർന്നാണ് തൃക്കാക്കരയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. രാജഭരണം ജനാധിപത്യത്തിലേക്ക് വഴി മാറിയതോടെ നാട്ടുകാരുള്‍പ്പെടുന്ന മഹാദേവ ക്ഷേത്രസമിതിയാണ് ഓണാഘോഷം സംഘടിപ്പിച്ചുവരുന്നത്.