തിരുവനന്തപുരം: സെഞ്ച്വറി അടിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങള്‍ ക്ലീന്‍ ബൗള്‍ഡാക്കിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ഭരണത്തിന്‍റെ കൗണ്ട്ഡൗണ്‍ തുടങ്ങി. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ പ്രചാരണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകള്‍ കയറിയിറങ്ങിയിട്ടും തികഞ്ഞ മതേതരവാദികളായ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അതെല്ലാം തള്ളിക്കളഞ്ഞു. കേരളത്തില്‍ യു.ഡി.എഫിന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ തുടക്കമാണിത്. ഇടതു ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണിത്.
ALSO READ | പിണറായിക്ക് കൊടുക്കാനിരുന്ന തൃക്കാക്കരപ്പൂച്ചെണ്ട്, അമിത പ്രതീക്ഷയായിരുന്നു തൃക്കാക്കര
ഇനി ഒരിടത്തും സര്‍ക്കാര്‍ മഞ്ഞക്കുറ്റിയുമായി പോകില്ലെന്ന് കരുതുന്നു. കെ-റെയിലിനെതിരായ കേരളത്തിലെ ജനങ്ങളുടെ ശക്തമായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചത്. പി.ടി തോമസിന്‍റെ സഹധര്‍മിണി കൂടിയായ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിനയത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണിത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നതായും ചെന്നിത്തല പറഞ്ഞു.