എറണാകുളം: തൃക്കാക്കരയിൽ എല്‍ഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കാക്കനാട് കലക്‌ടറേറ്റിലെത്തിയാണ് വരണാധികാരി മുൻപാകെ ഡോ.ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
നൂറുശതമാനം വിജയപ്രതീക്ഷയാണുള്ളതെന്ന് പത്രിക സമർപ്പിച്ച ശേഷം ജോ ജോസഫ് പ്രതികരിച്ചു.
വൈദ്യശാസ്ത്ര രംഗത്തെ തൻ്റെ വിജയം തൃക്കാക്കരയിലും ആവർത്തിക്കും. തൃക്കാക്കരയില്‍ വിജയിക്കുന്നതോടെ എല്‍ഡിഎഫ് സെഞ്ച്വറി തികയ്‌ക്കുമെന്നും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ക്യാപ്‌റ്റന്‍ മുഖ്യമന്ത്രി പിണറായി വിജയന് കപ്പ് നല്‍കുമെന്നും ഡോ.ജോ ജോസഫ് പറഞ്ഞു. ഡോക്‌ടർ ജോസ് ചാക്കോ പെരിയപുറമാണ് ഡോ.ജോ ജോസഫിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത്.
തൃക്കാക്കരയിൽ യുഡിഎഫ് പകച്ചു നിൽക്കുകയാണെന്നും അത് യുഡിഎഫിന്‍റെ തകര്‍ച്ചക്ക് കാരണമാകുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി പറഞ്ഞു. സഭയെ രാഷ്ട്രിയത്തിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. സഭ ആത്മീയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു.
ഘടക കക്ഷി നേതാക്കളും പ്രവർത്തകരുമുൾപ്പടെ പ്രകടനമായാണ് എല്‍ഡിഎഫ് സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി സി.എർ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Also Read: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയുടെ സഭ ബന്ധത്തെ ചൊല്ലിയുള്ള വാക്‌പോര് പുതിയ തലത്തിലേക്ക്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എഎന്‍ രാധാകൃഷ്‌ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.