എറണാകുളം: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി.ടിയെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്.
ഈ കാര്യത്തിൽ മുഖ്യമന്ത്രിക്കാണ് അബദ്ധം സംഭവിച്ചതെന്നു തോന്നുന്നു. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിൻ്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി.ടിയുടെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് പറഞ്ഞു. കലൂർ നെഹ്റു സ്റ്റേഡിയത്തിന് സമീപം പ്രഭാത സവാരി നടത്തുന്നവരെ നേരിൽ കണ്ടാണ് ഉമ തോമസ് ഇന്ന് പ്രചാരണം തുടങ്ങിയത്. ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ എന്നിവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.