എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഏറ്റവും മുതിർന്ന വോട്ടർ ആസിയ ഉമ്മയെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് സന്ദർശിച്ചു. കാക്കനാട് കുന്നുംപുറത്തെ വീട്ടിലെത്തിയാണ് ഉമ തോമസ് നൂറ്റിയെട്ട് വയസുള്ള ആസിയ ഉമ്മയെ കണ്ടത്. ആസിയ ഉമ്മയെ പൊന്നാട അണിയിക്കുകയും സൗഹൃദ സംഭാഷണം നടത്തിയുമാണ് സ്ഥാനാർഥി മടങ്ങിയത്.
ബന്ധുക്കളുടെ സഹായത്തോടെയായിരുന്നു വോട്ടെടുപ്പ് ദിനത്തിൽ രാവിലെ തന്നെ ബൂത്തിലെത്തി ആസിയ ഉമ്മ വോട്ടു രേഖപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടറുടെ പിന്തുണ തേടി മുന്നണി സ്ഥാനാർഥികൾ നേരെത്തെ തന്നെ ആസിയ ഉമ്മയെ സന്ദർശിച്ചിരുന്നു. ആദ്യ കാലത്ത് ഉണ്ടായിരുന്ന സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിച്ച ബാലറ്റ് പെട്ടിയിൽ ആസിയ ഉമ്മ വോട്ട് ചെയ്‌തിരുന്നു.
ബാലറ്റ് പേപ്പറിലേക്കും, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലേക്കും തെരഞ്ഞെടുപ്പ് പ്രക്രിയ മാറിയപ്പോഴും ആസിയ ഉമ്മ വോട്ട് ചെയ്‌തു രാജ്യത്ത് നിലനിന്ന എല്ലാ വോട്ടെടുപ്പ് പ്രകിയയിലും പങ്കാളിയായ വ്യക്തി കൂടിയാണ് ആസിയ ഉമ്മ. ഒരിക്കൽ കൂടി ഇലക്‌ട്രോണിക്ക് വോട്ടിങ് യന്ത്രത്തിൽ ഇവർ വോട്ട് ചെയ്‌തത് ജനാധിപത്യത്തിന്‍റെ മനോഹരമായ കാഴ്‌ചയായിരുന്നു.
ഇഷ്‌ടമുള്ള പാർട്ടിയും ചിഹ്നവും ഏതെന്നു ചോദിച്ചാൽ സമ്മതിദാനാവകാശത്തിന്‍റെ രഹസ്യ സ്വഭാവത്തിൽ ഒരു വിട്ട് വീഴ്‌ചയ്ക്കും ഈ വയോധിക തയ്യാറല്ല. പടമുഗൾ കുന്നുംപുറം നെയ്തേലിയിൽ പരേതനായ അഹമ്മദിന്‍റെ ഭാര്യയാണ് ആസിയ.