എറണാകുളം : ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കെ ചെയര്‍പേഴ്‌സണ്‍ ഓഫിസിലെത്തിയതില്‍ തൃക്കാക്കര നഗരസഭയിൽ പ്രതിഷേധവും സംഘർഷവും. സീല്‍ ചെയ്‌ത ഓഫിസില്‍ ആരോപണ വിധേയയായ അജിത തങ്കപ്പൻ പ്രവേശിച്ചതോടെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിക്കുകയായിരുന്നു.
നഗരസഭ ഓഫിസിൽ നിന്നും മടങ്ങാൻ പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്‌സണെ അനുവദിക്കാതിരുന്നതോടെ പൊലീസ് ഇടപെട്ടു. തുടര്‍ന്ന് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് അജിത തങ്കപ്പനെ ഓഫീസിൽ നിന്ന് പുറത്തെത്തിച്ചത്.
ഇതിനിടയിൽ പൊലീസും പ്രതിപക്ഷ കൗൺസിലർമാരും തമ്മിൽ ബലപ്രയോഗം നടന്നു. ഭരണ പ്രതിക്ഷ കൗൺസിലർമാർ തമ്മിൽ ഉന്തുംതള്ളുമുണ്ടായതോടെ നഗരസഭയ്‌ക്ക് മുന്നിൽ സംഘർഷാവസ്ഥയായി. ഒടുവിൽ പൊലീസ് വാഹനത്തിലാണ് ചെയർപേഴ്‌സൺ മടങ്ങിയത്. പ്രതിപക്ഷ കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
READ MORE: തൃക്കാക്കര ഓണക്കിഴി വിവാദം : നഗരസഭാധ്യക്ഷയ്‌ക്കെതിരെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ഓണക്കോടിയോടൊപ്പം പണം നൽകിയെന്ന പരാതിയിൽ അന്വേഷണമേറ്റെടുത്ത വിജിലൻസ് നഗരസഭ സെക്രട്ടറിയെക്കൊണ്ട് അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്തിരുന്നു. എന്നാൽ ഇത് വകവയ്‌ക്കാതെയാണ് ചെയർപേഴ്‌സൺ നഗരസഭ ഓഫിസില്‍ പ്രവേശിച്ചത്. ഇതോടെയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.
ഓഗസ്‌റ്റ് 17നാണ് അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കിയത്. ഇതോടൊപ്പം നൽകിയ കവറിൽ പതിനായിരം രൂപയുണ്ടായിരുന്നു. ഇത് ശരിവയ്‌ക്കുന്ന തരത്തില്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.