എറണാകുളം: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങിയതിനെ തുടർന്ന് ഇന്നലെ രാവിലെ 11നാണ് ആലുവ ജില്ലാ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. എന്നാല്‍ ചികിത്സ നൽകാതെ കുട്ടിയെ തിരിച്ചയച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പഴവും ചോറും നൽകിയാൽ സ്വാഭാവികമായും നാണയം പുറത്ത് പോകുമെന്നും പ്രശ്‌നം ഉണ്ടാവുകയാണെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് പോകണമെന്നും അധികൃതർ പറഞ്ഞതായി കുട്ടിയുടെ അമ്മ അരോപിച്ചു. എക്‌സറേയില്‍ കുട്ടിയുടെ ചെറുകുടലിലാണ് നാണയം ഉള്ളതെന്ന് കണ്ടെത്തിയിരുന്നു.
സ്ഥിതി മോശമായതോടെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ നൽകാൻ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി മടക്കി അയച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് കുട്ടിയെ റഫർ ചെയ്തു. ഇവിടെ നിന്നും ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളില്ലെന്ന് അറിയിച്ച് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. രാത്രിയോടെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി ഇന്ന് രാവിലെ മരിച്ചു. കണ്ടെയ്ൻമെന്‍റ് സോണിലായതിനാൽ ചികിത്സ നിഷേധിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഇടപെടല്‍ മൂന്ന് സർക്കാർ ആശുപത്രികളിൽ നിന്നും ഉണ്ടായില്ലെന്ന വിമർശനമാണ് ഉയരുന്നത്. ജനറൽ ആശുപത്രിയിലേക്ക് അയച്ചത് ശിശുരോഗ വിദഗ്‌ധര്‍ ഇല്ലാത്തത് കൊണ്ടാണെന്നാണ് ആലുവ ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം.