എറണാകുളം : കുറുമാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്‌ത നിലയിൽ (Three of a family members commit Suicide). പാറക്കടവ് എൻഎസ്എസ് സ്‌കൂളിന് സമീപത്തുള്ള ഷിബിൻ (36), മതാപിതാക്കളായ അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി (64), ഭാര്യ ഷീല (56) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷിബിന്‍റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ പണം വാങ്ങിയിരുന്നു.
എന്നാൽ ജോലിക്ക് കൊണ്ടുപോകാനോ, പണം തിരിച്ചുനൽകാനോ സാധിക്കാതെ വന്നതോടെ ഇയാൾ വലിയ പ്രതിസന്ധിയിലായിരുന്നു. പണം നൽകിയ ഏജന്‍റ് തന്നെ വഞ്ചിച്ചതായാണ് ഷിബിൻ ഇടപാടുകാരെ അറിയിച്ചത്. ഇതേതുടർന്ന് ബാധ്യത ഏറ്റെടുത്ത ഷിബിൻ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ പണത്തിനായി വീട്ടിലെത്തി ബഹളം വച്ചിരുന്നു.
ഇത് സ്ഥിരം സംഭവമായതോടെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് നൽകുന്ന സൂചന. നേരത്തെ ചെത്ത് തൊഴിലാളിയായിരുന്ന ഗോപി ഇപ്പോൾ ഓട്ടോ ഡ്രൈവറായാണ് ജോലി ചെയ്‌തിരുന്നത്. ഷിബിൻ അവിവാഹിതനാണ്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങൾ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്‌തു: മൂന്ന് പെൺമക്കളുടെയും കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്‌തു. കോട്ടയം പാലയ്ക്കടുത്തുളള രാമപുരത്ത് സെപ്‌റ്റംബർ 3 ന് അർധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം (A Man Commits Suicide After Slitting Throat Of Daughters Kottayam). രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്‌കൂൾ വിദ്യാർഥിനികളായ പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്‌തത്.
ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. 13ഉം 10ഉം 7ഉം വയസുള്ള പെൺകുട്ടികൾക്കാണ് പരിക്കേറ്റത്. ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം കഴിഞ്ഞ ഒന്നര വർഷമായി മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ താമസിച്ചിരുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണൽ 0495 2760000, ദിശ 1056.