എറണാകുളം : തൃക്കാക്കരയിൽ തെരുവുനായകളെ കൊന്ന കേസില്‍ മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രബീഷ്, രഘു, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശികളാണ് പ്രതികള്‍.
നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശപ്രകാരമാണ് നായകളെ കൊന്നതെന്ന് അറസ്റ്റിലായവർ മൊഴി നൽകി. തെരുവുനായകളെ കമ്പിയിൽ കുരുക്കി കൊല്ലുന്നത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന്, നഗരസഭയുടെ നിർദേശപ്രകാരമാണ് കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലായവര്‍ പറഞ്ഞു. മൂന്നംഗ സംഘം കമ്പികൊണ്ട് നായകളെ കഴുത്തിൽ കുരുക്കി വിഷം കുത്തിവച്ച് കൊലപ്പെടുത്തി വാനിലേക്ക് വലിച്ചെറിയുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞതാണ് വഴിത്തിരിവായത്.
ALSO READ: കൊടകര കുഴൽപ്പണക്കേസ് : സഭയില്‍ ക്ഷുഭിതനായി പിണറായി, പ്രതിരോധിച്ച് സതീശൻ
എന്നാല്‍, തെരുവ് നായകളെ കൊല്ലാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. മൃഗസ്നേഹികളുടെ സംഘടനയായ എസ്.പി.സി.എ നൽകിയ പരാതിയിലാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.
തുടര്‍ന്ന് കൊലപ്പെടുത്തിയ മൃഗങ്ങളെ തൃക്കാക്കര നഗരസഭയോട് ചേർന്നുള്ള പറമ്പിൽ കുഴിച്ചിട്ടതായി കണ്ടെത്തി. നായകളെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കുകയായിരുന്നു.