എറണാകുളം : പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി (Three Year Girl Assaulted in Perumbavoor). പ്ലൈവുഡ് ഫാക്‌ടറി ജീവനക്കാരായ അതിഥി തൊഴിലാളികളുടെ മകൾക്കു നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത കുറുപ്പുംപടി പൊലീസ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു.
അസം സ്വദേശികളാണ് പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ഇതിനുശേഷമായിരിക്കും ഇവർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
വെള്ളിയാഴ്‌ച മാതാപിതാക്കൾക്ക് ഒപ്പം വട്ടക്കാട്ടുപടി ഫാത്തിമ പ്ലൈവുഡ് കമ്പനിയിൽ കുട്ടിയും എത്തിയിരുന്നു. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ രണ്ടു പേർ കുട്ടിയെ പീഡിപ്പിച്ചതായാണ് സംശയിക്കുന്നത്. വെളളിയാഴ്‌ച വൈകിട്ട് ശരീര വേദന അനുഭവപ്പെട്ടതായി കുട്ടി പറഞ്ഞതോടെയാണ് മാതാപിതാക്കൾ വിവരമറിഞ്ഞത് (sexual assault against girl in Perumbavoor).
തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലും കുട്ടി പീഡനത്തിനിരയായതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമെന്നാണ് ലഭ്യമായ വിവരം. ആലുവ, പെരുമ്പാവൂർ മേഖലകളിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് നേരെ തുടർച്ചയായി അതിക്രമങ്ങളാണ് നടക്കുന്നത്. ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം, അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷ ഉറപ്പക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലും കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനും കഴിഞ്ഞ ദിവസം ശ്രമം നടന്നിരുന്നു. അതിഥി തൊഴിലാളികളുടെ രണ്ടര വയസുള്ള വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ഇതര സംസ്ഥാന തൊഴിലാളി ശ്രമിച്ചത്. പ്രതിയായ ഒഡിഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പതിനാറാം തീയതി തിങ്കളാഴ്‌ച പകൽ 12 മണിക്കാണ് തട്ടി കൊണ്ടുപോകൽ ശ്രമം നടന്നത്.
കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ കടത്തി കൊണ്ട് പോകാൻ ശ്രമിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോകാനായി ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വയ്‌ക്കുകയായിരുന്നു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതി ഓടി.
ഓടിക്കൂടിയ പ്രദേശവാസികൾ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് പെരുമ്പാവൂർ പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കുട്ടിയുടെ മുത്തച്ഛന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തിരുന്നു.