എറണാകുളം: കൊച്ചി മെട്രോയുടെ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയ സംഭവത്തിൽ രാജ്യദ്രോഹകുറ്റം ചേര്‍ത്ത് പൊലീസ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും നേരത്തെ കേസെടുത്തതാണെന്നും കൊച്ചി ഡിസിപി വിയു കുര്യാക്കോസ് പറഞ്ഞു.
കേസെടുത്ത വിവരം രഹസ്യമായി സൂക്ഷിച്ച് മെട്രോ അധികൃതര്‍:- കേസെടുത്ത വിവരം അന്വേഷണ സംഘവും മെട്രോ അധികൃതരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. മെയ് 22-നാണ് മെട്രോ യാർഡിൽ നിർത്തിയിട്ട ട്രെയിൻ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. പമ്പ എന്ന ട്രെയിനിന് പുറത്തായിരുന്നു ഭീഷണി സന്ദേശം. ' ആദ്യ സ്ഫോടനം കൊച്ചിയിൽ' എന്നായിരുന്നു സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് എഴുതിയത്.
യാര്‍ഡ് പ്രവര്‍ത്തിക്കുന്നത് അതീവ സുരക്ഷ മേഖലയില്‍: 24 മണിക്കൂറും പൊലീസ് നിരീക്ഷണമുള്ള സുരക്ഷിത മേഖലയായ മുട്ടം യാർഡിൽ രഹസ്യമായി അതിക്രമിച്ച് കയറി ആരാണ് ഭീഷണി സന്ദേശം എഴുതിയത് എന്നതാണ് പൊലീസിനെ കുഴക്കുന്നത്. സംഭവ ശേഷം സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ആരുടേയും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.
ഗുരുതര സുരക്ഷ വീഴ്ച: മുട്ടം യാർഡിൽ പത്ത് അടി ഉയരമുള്ള മതിൽകെട്ടും ഇതിന് മുകളിൽ കമ്പിവേലിയുമുണ്ട്. ഇതു കടന്ന് ആരാണ് ഉള്ളിൽ പ്രവേശിച്ചത് എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. അതേസമയം മെട്രോയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആർക്കെങ്കിലും സംഭവത്തിൽ അറിവുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. സംഭവത്തെ ഗൗരവമായാണ് പൊലീസ് കാണുന്നത്.