എറണാകുളം: മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ അടിയന്തര യോഗം കൊച്ചിയിൽ തുടങ്ങി. ബിഗ് ബജറ്റ് ചിത്രമായ മരക്കാർ ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ തിയേറ്റര്‍ ഉടമകൾ രംഗത്ത് വന്നതോടെ നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഫിലിം ചേംബർ വിഷയത്തിൽ ഇടപെടുകയും മരക്കാർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉപാധികൾക്ക് വിധേയമായി മാത്രമേ തിയേറ്റർ റിലീസ് സാധ്യമാകൂവെന്നാണ് ആന്‍റണി പെരുമ്പാവൂർ അറിയിച്ചത്. ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകളിൽ നിന്നായി ആകെ 50 കോടി രൂപ വേണം. നഷ്ടം സംഭവിച്ചാൽ പണം തിരിച്ച് നൽകില്ല.
അതേസമയം ലാഭ വിഹിതം നൽകണം. അതോടൊപ്പം സിനിമ തിയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന ഉറപ്പ് നൽകണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്നാണ് വിവരം. ആന്‍റണി പെരുമ്പാവൂരിന്‍റെ ആവശ്യങ്ങൾ ഫിലിം ചേംബർ തിയേറ്റർ ഉടമകളെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇത്ര വലിയ തുക മുടക്കാനാകില്ലെന്നാണ് തിയേറ്റർ ഉടമകളുടെ നിലപാട്. മരക്കാർ സിനിമ റിലീസുമായി ബന്ധപ്പെട്ട വിഷയയത്തിൽ ഫിയോക്കിന്‍റെ തീരുമാനം ഇന്നത്തെ യോഗത്തിനു ശേഷം ഭാരവാഹികൾ പ്രഖ്യാപിക്കും.