എറണാകുളം:സംസ്ഥാനത്ത് മദ്യ വിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിൽ സാങ്കേതിക തടസം തുടരുന്നു. രണ്ടാം ദിവസവും ആപ്പ് ഡൗൺലോഡ് ചെയ്തവർക്ക് മദ്യത്തിനായി ടോക്കൻ ബുക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് പരാതി. ആപ്പ് തുറക്കാൻ ശ്രമിക്കുന്നവർക്ക് കണക്ഷൻ എറർ എന്ന ഉത്തരമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ക്യു ആർ കോഡ് ലഭിക്കുന്നതിനുള്ള ഒ.ടി.പി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു.
ഉപഭോക്താക്കളുടെ എണ്ണം ഒറ്റയടിക്ക് വർധിച്ചതിനാലാണ് ഒ. ടി.പി പ്രശ്നം എന്നായിരുന്നു നിർമാതാക്കാളായ ഫെയർ കോഡിന്‍റെ വിശദീകരണം. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു ശേഷവും സാങ്കേതിക തടസം തുടരുകയാണ്.
പുതിയ സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കാൻ ഫെയർ കോഡ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ ബുക്ക് ചെയ്ത വേളയിൽ ടോക്കൺ ലഭിച്ച കുറച്ച് പേർക്ക് മാത്രമാണ് ഇന്ന് മദ്യം ലഭിക്കുക. നാളത്തെ ബുക്കിംഗ് സംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.അതേസമയം പതിനഞ്ച് ലക്ഷം ആളുകൾ ആപ്പ് ഡൗൺ ചെയ്തതായും ഫെയർ കോഡ് ഇന്നലെ അറിയിച്ചിരുന്നു.