എറണാകുളം: പിറവം വലിയ പള്ളിയുടെ നിയന്ത്രണാധികാരം ഓർത്തഡോക്സ് സഭാ വിഭാഗത്തിനെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.
ചാപ്പലുകളുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗം വികാരിക്ക് കൈമാറണമെന്നും പിറവം പള്ളിക്ക് ചുറ്റുമുള്ള ചാപ്പലുകളുടെ ലിസ്റ്റ് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. പള്ളിയുടെ ഭരണത്തിലും വസ്തുക്കളിലും യാക്കോബായ വിഭാഗത്തിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം പള്ളിയിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇരു വിഭാഗത്തിന്‍റെയും പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയില്ലന്നും മുഴുവൻ സമയം പെലീസ് സംരക്ഷണം നൽകാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശം നല്‍കി. തുടർവാദങ്ങൾക്കായി ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്‌ചത്തേക്ക് മാറ്റി.