കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതി സരിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിൽ സരിത്തിനെ ഹാജരാക്കും. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണർ ഓഫീസിൽ ഇയാളെ ചോദ്യം ചെയ്‌തിരുന്നു. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരനായ സരിത്ത് പി.ആർ.ഒ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഒരു തവണ സ്വർണം കടത്തിയാൽ 25 ലക്ഷം വരെയാണ് സരിത്തിന് ഇടപാടുകാരിൽ നിന്ന് ലഭിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. സ്വർണക്കടത്തിൽ പങ്കാളിയായ മറ്റു പ്രതികളെ കുറിച്ചും ഇയാളിൽ നിന്ന് വിരം ലഭിച്ചു.
മുൻ കെ.എസ്.ഐ.ടി.ഐ.എൽ ജീവനക്കാരി സ്വപ്‌ന സുരേഷുമായി ചേർന്നാണ് പ്രതി തട്ടിപ്പ് നടത്തിയത്. സരിത്തിനെ ചോദ്യം ചെയ്‌തപ്പോൾ ഇവരുടെ പങ്കാളിത്തം വ്യക്തമാകുകയായിരുന്നു. ഇവർ ഒളിവിലാണെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌ന സുരേഷിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം പിടിയിലായ പ്രതിയെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. കേരളത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 30 കിലോ സ്വർണമായിരുന്നു കസ്റ്റംസ് പിടികൂടിയത്. ഒരു രാജ്യം മറ്റൊരു രാജ്യത്തെ തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയക്കുന്ന ലഗേജിന് ലഭിക്കുന്ന നയതന്ത്ര പരിരക്ഷയാണ് പ്രതികൾ സ്വർണക്കടത്തിനായി ഉപയോഗിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെ യുഎഇയിൽ നിന്നെത്തിയ ബാഗേജ് കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് പരിശോധിച്ച് പിടികൂടിയത്.