എറണാകുളം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. രഹസ്യ മൊഴിയുടെ പകർപ്പ് ലഭിക്കാനുള്ള എന്ത് അവകാശമാണ് ക്രൈം ബ്രാഞ്ചിനുള്ളതെന്ന് കോടതി ചോദിച്ചു.
ഈ കേസിലെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്‍റിന് മൊഴിയുടെ പകർപ്പ് നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈം ബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകനും, ഇ.ഡിയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി.
ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്ത് കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലം പുറത്തു പോയത് എങ്ങനെയെന്നത് അന്വേഷിക്കണം.
സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടി വരുമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം കേന്ദ്ര സുരക്ഷ സേനയുടെ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി ജൂണ്‍ 22ലേക്ക് മാറ്റി. ഈ ഹർജിയിൽ മറുപടി നൽകാൻ ഇ.ഡി. കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.
വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമിതിയുണ്ടെന്നും, ഇക്കാര്യത്തിൽ കോടതി ഉത്തരവുകൾ വേണമെന്നും ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും രഹസ്യമൊഴി നല്‍കിയതിന് ശേഷം സ്വപ്‌ന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ സംസ്ഥാന പൊലീസിന്‍റെ സുരക്ഷ വേണ്ടെന്നും കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.
സംസ്ഥാന പൊലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നാണ് സ്വപ്‌നയുടെ വാദം.
also read: ജീവന് ഭീഷണി: ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും - സ്വപ്ന സുരേഷ്