എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാൻഡ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികളുടെ റിമാൻഡ് നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകും. ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കിയുള്ള റിപ്പോർട്ടും ഇഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും.
മന്ത്രി കെ. ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവരെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ഏറെ നിർണായകമാണ്. ഇതുമായി ബന്ധപെട്ട കാരങ്ങൾ ഇഡി കോടതിയെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി എൻഐഎ കോടതിയിലും അപേക്ഷ നൽകിയിരുന്നു. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം ആവശ്യമെങ്കിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. നേരത്തെ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ തുടർച്ചയായി പതിനാല് ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സ്വർണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപെടുകളെ കുറിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്.