എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. എന്നാല്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ മറ്റ് ഉദ്യേശങ്ങള്‍ ഉണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.
മെമ്മറി കാര്‍ഡ് പരിശോധനക്കയക്കേണ്ടെന്ന വിചാരണ കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് അതിജീവിത കോടതിയെ അറിയിച്ചു. അപേക്ഷ പരിഗണിച്ചതില്‍ കോടതിക്ക് തെറ്റുപറ്റിയെന്നും നീതിപൂര്‍വമായ വിചാരണ തന്‍റെ അവകാശമാണെന്നും അതിജീവിത കോടതിയില്‍ പറഞ്ഞു. ഇത്തരത്തില്‍ വിചാരണ കോടതിക്ക് തെറ്റ് പറ്റിയാല്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നും അതിജീവിത വാദിച്ചു.
മാത്രമല്ല മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അറിയണമെന്നും കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. അതേ സമയം അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷന് ദോഷകരമാണെന്ന് വാദത്തിനിടെ കോടതി പറഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്‌ചയായി കണക്കാക്കുമെന്നും കോടതി പറഞ്ഞു.
വിചാരണ വൈകിപ്പിക്കാനാണ് മെമ്മറി കാര്‍ഡ് പരിശോധനക്കയക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം വൈകില്ലെന്നും മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ മൂന്ന് ദിവസം മതിയെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഹർജിയിൽ ദിലീപിനെ കക്ഷി ചേർത്ത കോടതി വാദം പൂർത്തീകരിച്ച് കേസ് വിധി പറയാനായി മാറ്റി.
also read:നടി ആക്രമണം: ബാലചന്ദ്രകുമാർ സംഭാഷണം റെക്കോഡ് ചെയ്ത ഉപകരണം കണ്ടെത്തണമെന്ന് കോടതി