എറണാകുളം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി. രാഷ്ടീയ പാർട്ടികൾ നടത്തുന്ന പ്രതിഷേധ സമരങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നുവെന്ന് സര്‍ക്കാര്‍ ബുധനാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റെ നിര്‍ദേശം.
സമരങ്ങളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടന്നും നടപടികൾ എടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. മാര്‍ഗ നിര്‍ദേശം ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലെന്ന് കോടതി വാക്കാല്‍ നീരീക്ഷിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.